അമെരിക്കയുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം അവസാനിച്ചതായും അവരുമായി സാമ്പത്തികമായോ സൈനികമായോ സുരക്ഷാപരമായോ ഇനി ഒരു സഹകരണത്തിനുമില്ല എന്നും യുഎസിന്‍റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ ആഘാതമുണ്ടാക്കും വിധം പകരച്ചുങ്കം അമെരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ക്യാനഡ ചുമത്തുമെന്നും മൈക്ക് കാര്‍ണി പറഞ്ഞു.
ട്രംപിന്‍റെ വാഹനത്തീരുവ പ്രഖ്യാപനം കഴിഞ്ഞയുടന്‍ കാര്‍ണി തെരഞ്ഞെടുപ്പു പ്രചരണം റദ്ദാക്കി ഒട്ടാവയിലെത്തുകയും അടിയന്തര മന്ത്രിസഭായോഗം ചേരുകയും ചെയ്തു. അതിനുശേഷമാണ് അമെരിക്കയുമായി പഴയ ബന്ധം ഇനിയുണ്ടാകില്ലെന്ന് കാര്‍ണി വ്യക്തമാക്കിയത്. ട്രംപിന്‍റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സ്ഥിരമായ മാറ്റമുണ്ടാക്കി യെന്നും അവരുമായുള്ള ഭാവി വ്യാപാര ക്കരാറുകളൊന്നും പഴയ പാതയില്‍ ഉള്ളതായിരിക്കില്ല എന്നും കാര്‍ണി പറഞ്ഞു.
അമെരിക്കയ്ക്കെതിരെ എങ്ങനെ തിരിച്ചടിക്കണമെന്നു തീരുമാനിക്കാന്‍ പ്രവിശ്യാ പ്രീമിയര്‍മാരുടെയും വ്യവസായികളുടെയും യോഗം കാര്‍ണി വിളിച്ചു ചേര്‍ത്തു.
അതിനിടെ ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ട്രംപും കാര്‍ണിയും ഫോണില്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ക്കുള്ള അമെരിക്കയുടെ 25 ശതമാനം തീരുവ അടുത്തയാഴ്ചയാണ് പ്രാബല്യത്തില്‍ വരുക.
അത് വടക്കേ അമെരിക്കന്‍ വാഹന വ്യവസായത്തെ, പ്രത്യേകിച്ച് അഞ്ചു ലക്ഷത്തിലേറെ തൊഴില്‍ നല്‍കുന്ന ക്യാനഡയുടെ വാഹന നിര്‍മാണ മേഖലയെ പിടിച്ചുലയ്ക്കുമെന്നാണ് വിദഗ്ധ നിരീക്ഷണം. ട്രംപിന്‍റെ നീക്കം ന്യായയുക്തമല്ലെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരക്കരാറുകളുടെ നഗ്നമായ ലംഘനവുമാണെന്നും കാര്‍ണി വ്യാഴാഴ്ച പറഞ്ഞിരുന്നു.

Comments: